Friday 12 July 2013

പോത്തുകുണ്ട് - ആമുഖം

                             
കടന്നമണ്ണ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഒരു കൊച്ചു പ്രദേശം .  കോവിലകത്തിന്റെ തൊടി ( സ്ഥലം) പരിപാലിക്കാനും മറ്റുമായി കോഴിക്കോട് നിന്ന് കൊണ്ട് വന്ന തീയർ ജാതിയിൽ പെട്ട കുന്നിക്കൽ കുടുംബക്കാർ ( "അന്വേഷി" നേതാവ് അജിതയുടെ അതെ കുടുംബം എന്ന് വാസുവേട്ടന്റെ അവകാശവാദം !) ആണെത്രേ പോത്തുകുണ്ടിൽ വന്ന  ആദ്യ കാലത്തെ താമസക്കാർ . കോലോത്തെ (കോവിലകത്തെ) തൊടിയിൽ താമസിച്ചിരുന്ന അവർ പിന്നീട് കൊലോത്തോടിക്കാർ ആയി .

കൊലോത്തോടിക്കാർ അവർക്ക് പണിക്കായി കോഴിക്കോട് നിന്നും കൊണ്ട് വന്ന പണിക്കാർ ആണെത്രേ കൈമണി എന്നാ വീട്ടുപേരിൽ പോത്തുകുണ്ടിൽ ഇന്നുള്ളവർ.

അതിനു ശേഷം പ്രധാനമായും വടക്കാങ്ങര ഗ്രാമത്തിൽ നിന്നും , പെരിന്താറ്റിരി , കാച്ചിനിക്കാട് തുടങ്ങിയ അയൽ ഗ്രാമങ്ങളിൽ നിന്നും വിദൂര ദേശങ്ങളിൽ നിന്നും ഒരു പാട് കുടുംബങ്ങൾ പോത്തുകുണ്ടിലെത്തി .

അതിൽ പ്രധാനികൾ ആയിരുന്നു വേങ്ങശ്ശേരി തറവാട്ടുകാർ . കോവിലകത്തിന്റെ അധികാര പരിധിയിൽ പെട്ട നായര് സമുദായത്തിലെ ചില അംഗങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു വടക്കാങ്ങര ഗ്രാമത്തിൽ താമസമാക്കിയവരായിരുന്നെത്രേ വേങ്ങശ്ശേരി കുടുംബക്കാർ .

പോത്തുകുണ്ട് ഗ്രാമത്തിന്റെ നവോഥാന നായകന് എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തി ആയിരുന്നു വേങ്ങശ്ശേരി കുഞ്ഞാൻ കാക്ക എന്നാ മുഹമ്മദലി മാസ്റ്റർ . ഗ്രാമത്തിൽ സ്കൂൾ , പള്ളി , റോഡുകൾ തുടങ്ങി ഒട്ടനവധി ശ്ലാഘനീയമായ പ്രവർത്തികൾക്ക് നേതൃത്വം വഹിച്ച അദ്ദേഹത്തിന്റെ നാമത്തിൽ പില്ക്കാലത്ത് ഗ്രാമത്തിൽ ഒരു യുവജന സംഘടനയും നിലവില വന്നിരുന്നു . ( Muhammed Ali Master Memorial Arts and Sports Club- മമ്മാസ് ക്ലബ് ).



വടക്ക് കൂട്ടിലങ്ങാടി പഞ്ചായത്തിൽ പെട്ട പെരിന്താറ്റിരിയും കിഴക്ക് മങ്കട പഞ്ചായത്തിൽ പെട്ട വെള്ളില യും പടിഞ്ഞാറ് കാചിനിക്കാടും തെക്ക് വടക്കാങ്ങരയും പോത്തുകുണ്ടിന്റെ അതിര്ത്തി പങ്കിടുന്നു. 5-6 കുടുംബങ്ങളിൽ തുടങ്ങി ഇന്ന് നൂറിൽ പരം കുടുംബങ്ങൾ ഈ ഗ്രാമത്തിൽ വസിക്കുന്നു .

ഏതൊരു മലപ്പുറം ഗ്രാമങ്ങളെയും പോലെ ഗള്ഫ് തന്നെയാണ് പ്രധാന സാമ്പത്തിക സ്രോതസ്സ് . തെങ്ങ്, കവുങ്ങ് (കമുക്) ,കപ്പ (മരച്ചീനി), വാഴ എന്നിവയാണ് പ്രധാന കൃഷി .

ഒരു ഗവന്മെന്റ് എല് പി സ്കൂളും പ്രാഥമിക ആരോഗ്യ കേന്ദ്രവും ഗ്രാമത്തിൽ ഉണ്ട് .


(തുടരും)